വിരസത എല്ലാ ദുഷ്ടതകളെയും
ജനിപ്പിക്കുന്നു എന്ന് പറയുന്നതു
എത്ര ശരി!
വിരസമായ ഒരു ദിവസത്തിന്‍റെ സായാഹ്നത്തിലാണ്
ഈ ബ്ലോഗെഴുത്തിന്റെ തുടക്കം.
സാധരണാ ജീവിതത്തില്‍ ആരും പറയാറുള്ളതുപോലെ
ഈ പറയുന്ന കാര്യങ്ങളില്‍ മിക്കതും കളവാണെന്ന്
പ്രത്യേകിച്ച് നിങ്ങളോടാരും പറഞ്ഞു തരേണ്ടതില്ല... പക്ഷെ...എല്ലാം കളവല്ല.
വാസ്തവത്തില്‍ നുണകള്‍ എനിക്ക് ഇഷ്ടമാണ്‌താനും...അതുകൊണ്ട് തന്നെ
ഈ വരികളും അങ്ങിനെയൊക്കെ തന്നെ ആയിരിക്കും...
എങ്കിലും, എന്‍റെ ഇഷ്ടങ്ങള്‍ക്കെല്ലാം അപ്പുറം
ചില കാര്യങ്ങള്‍, അതും ശരിയായിട്ടുള്ളതു, നിങ്ങളോട് പറയേണ്ടിയിരിക്കുന്നു....
ഇഷ്ടപ്പെട്ട ജീവിതം ജീവിക്കാന്‍
ഒരാള്‍ തീരുമാനിക്കുമ്പോള്‍...
ഒരു യാദസ്ഥിതിക മുസ്ലിം കുടുംബത്തിലായിരുന്നു എന്‍റെ ജനനം.
വെള്ളിക്കരണ്ടിയുടെ സുഖതയാര്‍ന്ന നടുക്കുഴിയിലേക്ക്
ഊര്‍ന്നുവീണ ഒരു ബാല്യം.
ആരും ആഗ്രഹിച്ചതൊന്നും ഞാനായിതീര്‍ന്നില്ല...ഞാനൊന്നും ആഗ്രഹിച്ചുമില്ല.....
നാട്ടുപള്ളിക്കൂടത്തിലായിരുന്നു ആദ്യം പഠിക്കാന്‍ ചേര്‍ത്തത്.
അത് ഒരു കടലോരഗ്രാമമായിരുന്നു...ഉപ്പുകാറ്റ്‌ കൊണ്ടു ക്ഷീണിച്ച
ഒരുപാടു കുഞ്ഞുങ്ങളുള്ള ഒരു ക്ലാസ്സുമുറി...ഒന്നാം ക്ലാസ്സില്‍
എന്നെ പഠിപ്പിച്ച ടീച്ചറെ ഞാന്‍ മറന്നുപോയി...
അത്തരം കാര്യങ്ങളൊന്നും മറക്കാന്‍ പാടില്ലയെന്നും മറ്റും
എനിക്കറിയാം...ഞാനത് ഓര്‍ത്തെടുക്കാന്‍ കുറെ ശ്രമിച്ചുതാനും...
മറവി എന്നോടൊപ്പം എന്നേക്കാള്‍ വേഗത്തില്‍
വളര്‍ന്ന എന്‍റെ സഹോദരനായിരുന്നു....!
ചെത്തി പൂത്ത കാലം
ബിരുദക്ലാസ്സുകളുടെ വിരസസതയില്‍ നിന്നുമാണ്‌ പുസ്തകവയനയുടെ തുടക്കം. പിന്നീട് അതൊരു രോഗം പോലെ എന്നെ വിഴുങ്ങാന്‍ തുടങ്ങി...വായിച്ച പുസ്തകങ്ങളില്‍ പലതുമൊന്നും അന്നെന്നല്ല ഇന്നും മനസ്സിലായിട്ടില്ല...മനസ്സിലാകാത്ത ഓരോ വായനാനുഭവങ്ങള്‍ക്ക് ശേഷവും ഞാന്‍ ബാറ്റന്‍ ബോസ്സിലും, കോട്ടയം പുഷ്പനാധിലും ആര്‍ത്തിയോടെ നീന്തിക്കുളിച്ചു...കുറെനാള്‍ മുന്‍പുവരെ അങ്ങിനെയൊക്കെ എഴുതുകഎന്നത് എനിക്കൊരു വലിയ കാര്യമായിരുന്നു...പക്ഷെ ആ കാലങ്ങളെയൊന്നും തള്ളിപ്പറയാന്‍ എനിക്കാവില്ല...ഞാന്‍ ജീവിച്ചതും സ്വപ്നം കണ്ടതുമായ ലോകങ്ങളായിരുന്നു അവ।ഹൈസ്കൂള്‍ എനിക്ക് ഏകാന്തതയുടെ ഒരു തുരുത്തായിരുന്നു. പിച്ചക്കാരുടെ ഒരു കമ്മ്യുണ്ണ്‍ പോലെയായിരുന്നു ഞങ്ങളുടെ ക്ലാസ്സ്മുറി... കടിപടിയും വിദ്വേഷവും മാത്രം നിറഞ്ഞ ദിനങ്ങള്‍....കണക്കുപഠിപ്പിച്ചിരുന്ന സൂസി ടീച്ചര്‍ക്ക്‌ ഭ്രാന്താണെന്ന് ഒരു കാറ്റു ഞങ്ങള്‍ക്കിടയില്‍ അന്ന് പടര്‍ന്നിരുന്നു....കണക്കിന്റെ ഒരിക്കലും പിടികിട്ടാതിരുന്ന സമസ്സ്യകള്‍ക്കിടയിലൂടെ ഞാന്‍ ടീച്ചറുടെ കണ്ണുകളിലേക്ക്‌ പാളിനോക്കി... അവിടെ ഞാന്‍ ദൈവതിന്റെതുപോലുള്ള ഒരു അവ്യക്തത കണ്ടു...സന്തോഷത്തിന്റെ ഒരു മുഖമായിരുന്നു അവര്‍ക്ക്...പക്ഷെ കോപമായിരുന്നു അവരുടെ ഭാവം....വളരെ സ്വാഭാവികതയോടെ കോപത്തിന്റെ ആ മുഖംമൂടി അവര്‍ സൂക്ഷിച്ചു...ചില നേരങ്ങളില്‍ പ്രതീക്ഷിക്കാതെ അത് ഊര്ന്നുവീനു...അപ്പോള്‍ മാത്രം അവര്‍ പൊട്ടി ചിരിച്ചു... പൊട്ടി പൊട്ടി ചിരിച്ചു....അന്നേരങ്ങളില്‍ അവിടെ ചെത്തിപൂത്തു!
ഇഷ്ടത്തിന്‍റെ മൂന്നുവര
ഡിഗ്രീ ഘട്ടത്തിലാണ് ഞാന്‍ മേതിലിനെ ആര്‍ത്തിയോടെ വായിക്കാന്‍ തുടങ്ങുന്നത്...എന്‍റെ അതുവരെ രൂപപ്പെട്ട വായനയുടെ ബോധങ്ങള്‍ക്ക് അപ്പുറം എഴുതപ്പെട്ട വരികളും രേഖകളും ആയിരുന്നു। എഴുത്ത് സുന്ദരവും സ്പര്ശിക്കവുന്നതുമായ ഭ്രാന്തായി എന്നില്‍ നിറയുന്നത്‌ ഞാനറിഞ്ഞു...ഉന്നമുള്ള ഒരു നായാട്ടുകാരന്റെ പുഞ്ചിരി ഓരോ വരികള്‍ക്കൊടുവിലും ഞാനയാളില്‍ കണ്ടു.വിസ്മയകരമായിരുന്നു അത്...യുദ്ധം കഴിഞ്ഞ പടനിലങ്ങള്‍ക്ക് മുകളിലൂടെ വീശുന്ന അഗാധമായ കാറ്റിന്റെ നിഗൂടതയോന്നും ആ ഭാഷയ്ക്കുണ്ടായിരുന്നില്ല.....മെലിഞ്ഞതും ഉയരം കൂടിയതും മൂര്‍ച്ചയുള്ളതുമായിരുന്നു അത്...അതോടൊപ്പം എന്‍റെ സൌന്ദര്യഘടന അപ്പാടെ കീഴ്മേല്‍ മറിയുന്നതും കൌതുകത്തോടെ ഞാന്‍ നോക്കി കണ്ടു... ഭാഷയേയും അതിന്റെ ഘടനയെയും ഒരു റൂബീസ് ക്യുബുകാരന്റെ മിടുക്കോടെ അയാള്‍ പല രൂപത്തില്‍....വിസ്മയകരമായിരുന്നുവത്! പിന്നെ എഴുതുന്നതെന്തും അതുപോലെ ആയിപ്പോകുന്ന ഒരു കാലം വരെ രൂപപ്പെട്ടു...ഇഷ്ടത്തിന്റെ ഒരു രൂപം...പിന്നെ ഒരുപാടു വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തമായി ഒരു പുസ്തകം തുന്നിക്കെട്ടാന്‍ ആലോചിച്ചപ്പോഴും പുസ്തക മോഹത്തോടൊപ്പം വളര്‍ന്ന ഒരാഗ്രഹം മേതിലിനെക്കൊണ്ട് രണ്ടുവരി അതില്‍ എഴുതിക്കണമെന്നയിരുന്നു....അപ്പോഴേക്കും ഞാന്‍ അയാളെ അറിയുമായിരുന്നു....സ്നേഹത്തോടെ എന്‍റെ ആഗ്രഹങ്ങള്‍ക്കുമേല്‍ മേതില്‍ ചിരിച്ചു...രണ്ടു വരിയല്ല, നാലു താളുകള്‍ തന്നെ അയാള്‍ എനിക്കയെഴുതി.... ചെറിയ ചെറിയ കലഹങ്ങള്‍ക്ക് മീതെ ആ സ്നേഹം എന്നിലൂടെ എന്നും നിശബ്ദമായി ഒഴുകുന്നു....
പത്രത്തില്‍ പൊതിഞ്ഞ മരണം
ഞാറക്കല്‍ ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളിലായിരുന്നു എന്‍റെ മെട്രിക്കുലേഷന്‍.
നനുത്ത തണുപ്പുള്ള പുലര്‍കാലങ്ങളില്‍ ഉണര്‍ന്നുതുടങ്ങുന്ന ചെറുനഗരങ്ങക്കു
നടുവിലൂടെ ഞങ്ങള്‍ ഉല്‍സാഹമില്ലതവരായി സ്കൂളുകളിലേക്ക് പൊയ്ക്കൊണ്ടിരുന്നു....
വിരസമായിരുന്നു ആ ദിനങ്ങള്‍.....
കണക്കും ഗ്രാമറും മറ്റും എന്നിലെ മടിയെ വീണ്ടും ആവോളം വളര്‍ത്തി....
ജസ്റ്റിന്‍, ആന്റണി, പൗലോസ്‌ ജോളി, തോമസ് ലാല്‍, അനൂപ്....ഇവരോക്കെയായിരുന്നു
അന്നെന്‍റെ ചങ്ങാതിമാര്‍....ഒരുതരത്തില്‍ സ്കൂളിലേക്കുള്ള കൂട്ടംചേര്‍ന്നുള്ള ആ പോക്കുവരവുകള്‍ മാത്രമായിരുന്നു രസം....വലിയൊരു പന്നിക്കൂടിനുള്ളില്‍ എന്നപോലെ
ഞങ്ങള്‍ അതിനകത്ത് വളര്‍ന്ന് വന്നു.... ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും
പ്രത്യേകം പ്രത്യേകം കെട്ടിടങ്ങള്‍ തന്നെയായിരുന്നു....വലിയ കരിങ്കല്‍ കെട്ടിടങ്ങള്‍ക്കിടയില്‍
രണ്ടാംതരം പൌരന്മാരെപ്പോലെ ആയിരുന്നു ഞങ്ങള്‍....
വല്ലപ്പോഴും, അസ്സംബ്ലികള്‍ക്കും, ശിക്ഷിക്കാനും മാത്രമായി
ഹെട്മിസ്ട്രെസ് ഞങ്ങളെ അവിടേക്കു വിളിച്ചുവരുത്തി....
മഴക്കാലം ദുരിതങ്ങളുടെ കാലം കൂടെ ആയിരുന്നു ഞങ്ങള്‍ക്ക്....
ബാഗും പുസ്തകങ്ങളും ചോര്‍ന്നോലിച്ച് ആകെ നാശമാകും.....
വിരസതകള്‍ക്കിടയില്‍ ആകെ സന്തോഷം ജനിപ്പിച്ചിരുന്ന കളിക്കളങ്ങളില്‍
വെള്ളം നിറയും.... അത് ഞങ്ങളുടെ ചെറിയ സന്തോഷങ്ങളുടെ
മുകളിലുള്ള പ്രളയകാലമയിരുന്നു।
പൗലോസ്‌ ജോളി മരിച്ചു!
പത്ര വിതരണത്തിനായി പുലര്‍ച്ചയുടെ ഇരുളിമയിലേക്ക്
ഇറങ്ങിപ്പോയ അവന്‍ പിന്നെ തിരിച്ചു വന്നില്ല....
കരണ്ട് കമ്പി ശരീരത്തില്‍ ചുറ്റി അതിദാരുണമായി അവന്‍ മരിച്ചു...
പുലര്‍ച്ചയിലെ മഴയും ശാന്തതയും അവന്‍റെ നിലവിളികളെ ദയാരഹിതമായി അമര്‍ത്തിക്കളഞ്ഞു....മരണത്തിന്‍റെ ജലം പടര്‍ന്ന അവന്‍റെ
ശരീരതിനരികെ ഞാന്‍ നിന്നു....ഉള്ളില്‍ ഒഴുകുന്ന പുഴ
പൊടുന്നനെ കര കവിയുകയും അടുത്ത നിമിഷത്തില്‍ വറ്റി വരളുകയും ചെയ്തു....
എന്‍റെ കൂട്ടുകാരന്‍ മരിച്ചുപോയി....
മരണം ആദ്യമായി എന്‍റെ മനസ്സിനോട്
അത്ര അടുത്ത് സഞ്ചരിച്ചത് അന്നാദ്യമായിരുന്നു....!